Thursday, January 1, 2015

കൃഷിയുടെ ആത്മാവറിയുന്ന പുതുവര്‍ഷത്തിലേക്ക്.. 2015 ലേക്ക് കടക്കുമ്പോള്‍ ജൈവകൃഷിയെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണീ വര്‍ഷമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നുവേണ്ട, ഇന്നത്തെ കൃഷിയിലെ സര്‍വ്വോപരി അനിയന്ത്രിതമായ വിഷപ്രയോഗയും തദ്വാരാ തലമുറകള്‍ അനുഭവിക്കേണ്ടിവരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നാമെല്ലാം ഒരുപാട് മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഇക്കാരണത്താല്‍ കൃഷിയുമായി അടുപ്പിക്കുന്ന കൂട്ടായ്മയിലെ നല്ലൊരു ശതമാനം കൂട്ടരും വരുംതലമുറയെയും പ്രകൃതിയെയും രക്ഷിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നത് പ്രത്യാശാപൂര്‍വ്വം ആ നിമിഷം ഞാന്‍ സ്മരിക്കട്ടെ. ജൈവകൃഷിയുടെ ആത്മാവറിയാനും അതിനെ രണ്ടുകൈകളും നീട്ടി സ്വന്തം കൃഷിഭൂയിലേക്ക് ആനയിക്കാനുമുള്ള ഈ അഭിവാഞ്ജ കൂടുതല്‍ ജനങ്ങളിലേക്ക് പകര്‍ന്നോഴുകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം . വിഷത്തില്‍ മുക്കിയ കാര്‍ഷികോത്പന്നങ്ങള്‍ മറുനാടുകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും മലയാളമണ്ണിലേക്ക് ഇറങ്ങിവരുന്നതിനെ തടയാന്‍ അനേകം പരിമിതികളുണ്ടെന്നത് നഗ്നമായ സത്യം തന്നെയാണ്. ഇതിനെതിരെ വ്യര്‍ത്ഥമായ മുറവിളി കൂട്ടുന്നതിനുപകരം നമ്മള്‍ ചെയ്യേണ്ടത് ഒന്ന് മാത്രം. കനിയാന്‍ കാത്തുനില്‍ക്കുന്ന നമ്മുടെ മണ്ണിനെ ഓര്‍ത്ത്‌ ദിനവും അര മണിക്കൂറെങ്കിലും മനസ്സും ശരീരവും മണ്ണിലര്‍പ്പിച്ച് നമുക്കാവശ്യമായ ചെറിയൊരു ശതമാനമെങ്കിലും കാര്‍ഷികോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുക. ഇത് തീര്‍ത്തും സാധ്യമാണെന്നതില്‍ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. കേരളവും അതിലെ ഓരോ മണ്‍തരിയും അതിനെ പൊതിയുന്ന കാലവസ്ഥയും ഇന്നും ഉത്പാദനക്ഷമം തന്നെയാണ്. പക്ഷെ, ഒരൊറ്റ കുറവു മാത്രം. ഇത്തിരി അധ്വാനിക്കാനുള്ള മനസ്സ്. അതുമാത്രം നാമൊന്നു നികത്താനൊരുമ്പെട്ടാല്‍ മതി, പഴങ്ങളുടെയും പച്ചക്കറികളുടെയും ഇന്നുകാണുന്ന ഇറക്കുമതി പത്തിലൊന്നായി മറ്റാരും ശ്രമിക്കാതെതന്നെ കുറയാന്‍. നല്ല കൃഷി കാണാനെന്നപോലെത്തന്നെ രാസവസ്തുക്കളുടെ അമിതോപയോഗത്തിന്റെ ഭീകരാവസ്ഥ നേരിട്ടറിയാന്‍ നമ്മളിനിയും സഞ്ചരിക്കേണ്ടതുണ്ട്. മൃഗങ്ങള്‍ക്കുപോലും തിന്നാനാകാത്തവിധം കണ്ണടച്ചു വിഷപ്രയോഗം നടത്തുന്ന ക്രൂരമായ കൃഷികള്‍ നേരിട്ടറിയാനും അതുവഴി അവബോധം കൂട്ടാനുമുള്ള യാത്രകള്‍ തുടങ്ങാന്‍ നമ്മളിനിയും വൈകിക്കൂടാ. തമിഴ്നാട്ടില്‍ മാത്രമല്ല ഞാന്‍ നേര്‍ക്കണ്ണില്‍ കണ്ടത്, കേരളത്തിലുമുണ്ട്‌ അന്യരെ തീറ്റാന്‍ മാത്രമായി കൃഷിചെയ്യുന്നവര്‍. ഈയുത്പന്നങ്ങള്‍ ഇവരുടെ വീട്ടിലെ മൃഗങ്ങല്‍ക്കുപോലും കൊടുക്കാന്‍ ധൈര്യപ്പെടില്ലയിവര്‍. പക്ഷെ, കര്‍ഷകരെ മാത്രം കുറ്റം പറയാനാവില്ല. ഇവരെ ഇവ്വിധം വളര്‍ത്തിയത്തില്‍ നമുക്കോരോരുത്തര്‍ക്കും നല്ലൊരു പങ്കില്ലേ ? ഉണ്ടെന്നാണ് എന്റെ മതം. മണ്ണും വെള്ളവും സാഹചര്യങ്ങളും സമയവും ആരോഗ്യവും ഒട്ടുണ്ടായിട്ടും ഒരൊറ്റ ചെടി പോലും വളര്‍ത്താന്‍ മെനക്കെടാതെ നമ്മള്‍ നമ്മളില്‍ വളര്‍ത്തിയ അലസതയെന്ന വളം, വിഷപ്രയോഗം ലഹരിയാക്കിയ ഒരു വിഭാഗം കര്‍ഷകര്‍ക്ക് പകര്‍ന്നുകൊടുത്തതൊന്നുമാത്രമാണ് രാസകൃഷിയും വിഷപ്രയോഗവും ഇത്രമേല്‍ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ നിദാനമായത്. ഇനിയും വൈകിയിട്ടില്ല. സ്രോതസ്സുകള്‍ വറ്റിയിട്ടുമില്ല. നാമീക്കാണുന്ന മണ്ണ് അടുത്ത തലമുറക്കാണെന്നോര്‍ത്ത് നാമോരോരുത്തരും മുന്നോട്ടിറങ്ങാന്‍ സമയം അതിക്രമിച്ചു. കടയില്‍ നിന്നും ഹോട്ടലില്‍ നിന്നും വാങ്ങിയേ ഭക്ഷിക്കൂവെന്ന പൊതുജനത്തിന്റെ ദുര്‍ബ്ബലതയെ മുതലെടുക്കന്ന പ്രവണതയെ ' എനിക്കുള്ളത് ഞാന്‍ വിളയിക്കും ' എന്ന ജനഹിതശക്തിയാല്‍ അരിഞ്ഞെറിയാന്‍ തീര്‍ച്ചയായും നമുക്കാകും. ഇതിനായ് കൈ കോര്‍ക്കുക. ഈ പുതുവര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുമൊരുപാടപ്പുറം ജൈവകൃഷിയുടെ ആത്മാവറിയാനും അതിന്റെയാശയങ്ങള്‍ അര്‍ത്ഥവത്താക്കാനുമുള്ള പുറപ്പാട് നിലനില്‍പ്പിനായുള്ള കര്‍മ്മബാധ്യതയായെടുത്ത് നമ്മള്‍ മുന്നേറും. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍. സഹൃദയം ... ദീപന്‍



via Krishi(Agriculture) http://ift.tt/13VhALt

No comments:

Post a Comment