ഇക്കൊല്ലത്തെ അന്നം കണ്ടെത്താനുള്ള ജോലി തുടങ്ങുകയാണ്. കോഴിക്ക് താറാവിന് പശുക്കൾക്ക് പോത്തുകുട്ടൻമാർക്ക് ആടിന് രണ്ടു പൂച്ചക്കുട്ടികൾക്ക് പിന്നെ ഞങ്ങൾ 5 മനുഷ്യർക്ക്.... ഈ സുമേഷും അവന്റെ ഈ രണ്ട് ശക്തൻമാരായ കൂട്ടുകാരുമാണ് പതിവായി ഞങ്ങളുടെ പാടത്ത് വരുന്നത്. ടില്ലറും ട്രാക്ടറും പോലും പാടത്തിറങ്ങാത്ത ഇക്കാലത്ത് ഇങ്ങനെ രണ്ടു കൂട്ടുകാരുമായി കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന സുമേഷിനെ ഞങ്ങൾക്ക് ഇഷ്ടത്തേക്കാളേറെ ബഹുമാനമാണ്! പഴയ കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട പദങ്ങൾ നമുക്ക് ഓർത്തെടുക്കാം? രണ്ടു പോത്തുകളെ ചേർത്തു കെട്ടുന്നതിന് ഒരു ഏർ പോത്ത് എന്നാണോ പറയുന്നത്? ഉഴുമ്പോൾ ആദ്യം നീളത്തിലും പിന്നെ വട്ടത്തിലും ഉഴുന്നതിന് രണ്ടു ചാൽ പൂട്ടി എന്നല്ലേ പറയുന്നത്? പോത്തിന്റെ കഴുത്തിൽ വച്ച് രണ്ടുപേരെയും ഒരുമിച്ച് നിർത്തുന്ന ഉപകരണമല്ലേ നുകം? കരി, നുകം, ഞവുരി, കലപ്പ, ചക്രം, വെള്ളം തേക്ക്.......... അങ്ങനെ അങ്ങനെ... നമുക്ക് എല്ലാവർക്കും കൂടി ഇതിനെക്കുറിച്ച് സംസാരിച്ച് ആ പഴയകാലവും വാക്കുകളും പഴഞ്ചൊല്ലുകളും ഒക്കെ ഓർത്തെടുക്കാം? ഒരു രസം......... അറിഞ്ഞൂടാത്തവർക്ക് പുതിയ അറിവുകൾ.... തെറ്റായി ധരിച്ചിരിക്കുന്നവർക്ക് ഒരു തിരുത്തൽ.....
No comments:
Post a Comment