കാര്‍ഷികമേഖലക്കൊരു മുന്നറിയിപ്പ് സമൂഹത്തിലുണ്ടാകുന്ന ഏതൊരു ചലനത്തില്‍നിന്നും സാമ്പത്തികമുതലെടുപ്പ് നടത്താനായി പൊതുപ്രവര്‍ത്തകരും നേതാക്കളും ഉദ്യോഗസ്ഥരും ബിസിനസ്സുകാരും ഇടനിലക്കാരും വ്യാപാരികളും ഉദ്യോഗസ്ഥരും മറ്റുപലരുമുള്പ്പെട്ട കണ്ണികളടങ്ങുന്ന ഒരു ഗൂഢവിഭാഗം നമുക്ക് നന്മചെയ്യാനെന്ന വ്യാജേന വെള്ളയും പൂശി പ്രത്യക്ഷപ്പെടാന്‍ എന്നും നമ്മുടെ ചുറ്റിലും ഒളിഞ്ഞിരിപ്പുണ്ടല്ലോ. ബുദ്ധിയും വിദ്യാഭ്യാസവും ഒട്ടേറെയുണ്ടായാലും നമ്മളില്ച്ചിലര് സമയാസമയങ്ങളിലുണ്ടാകേണ്ട തിരിച്ചറിവില്ലായ്മയാല് ഇവരുടെ കാപട്യങ്ങള്‍ക്കും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കും നമ്മള് വിധേയരാവാനിടയുണ്ടെന്നത് മുന്‍കൂട്ടിക്കാണേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം മറ്റൊരു വിപത്ത് സമാഗതമായിരിക്കുന്ന കാര്യം ഞാന്‍ ഓര്‍മ്മപെടുത്തട്ടെ. കേരളം ജൈവകാര്ഷികസംസ്ഥാനമായി മാറാനുള്ള തയ്യറെടുപ്പിലാണല്ലോ. അതായത് രാസവസ്തുക്കള്‍ പടിപടിയായവസാനം പാടേയൊഴിവാക്കി കൃഷിയും മണ്ണും തദ്വാരാ സര്വ്വത്രാരോഗ്യം തുളുമ്പുന്ന നവദൈവത്തിന്റെ സ്വന്തം നാടായിരിക്കും നമ്മുടെ ഭാവികേരളം.ഈയൊരു തരംഗം എന്‍ഡോസള്‍ഫാന്‍ ജില്ലയെന്നറിയപ്പെടുന്ന കാസര്‍ഗോഡില്‍ മുന്‍പേതന്നെ തുടങ്ങിയ കാര്യം നമ്മളറിഞ്ഞുകഴിഞ്ഞു. കാര്‍ഷികാവശ്യത്തിനായി നിര്‍ദ്ധിഷ്ട ഗുണനിലവാരം പുലര്‍ത്തുന്ന ജൈവവളങ്ങളോ ജൈവരോഗകീടനാശിനികളോ ലഭ്യമല്ലെന്ന രോദനം ഇവിടങ്ങളിലെ കര്ഷകരില്നിന്നുമുയര്ന്നത് ഞാന്‍ നേര്ക്കാതില് കേട്ടിരുന്നു. മാത്രവുമല്ല, ലഭ്യമായ ഉത്പന്നങ്ങളില്‍ ചിലവ മുന്‍പേ അംഗീകരിക്കപ്പെട്ട ചില രാസവസ്തുക്കളേക്കാള്‍ വിഷമയമാംവിധം മായം ചേര്ന്നതുമായിരുന്നുവന്നത് സത്യമായ കര്ഷകഭാഷ്യം. ജൈവകേരളം എന്നയാശയം മുളപൊട്ടുംമുന്പേതന്നെ ഈയടുത്ത് സമാനമായൊരനുഭവം വിദേശിപ്പഴങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്ന ഹരിമുരളീധരന്‍ എന്ന എന്റെയൊരു സുഹൃത്ത് പറയുകയുണ്ടായി. പ്രശ്തമായൊരു കമ്പനിയുടെ ജൈവ ഉത്പന്നം പ്രയോഗിച്ചതിനാല്‍ ശൈശവദശയിലുള്ള പഴച്ചെടികള്‍ ഉണങ്ങിപ്പോയ അനുഭവം. ഇതൊരിക്കലും വേറിട്ടൊരനുഭവമല്ലെന്നാണ് കംബോഡിയയില്‍ നിന്നും ഞാന്‍ കൊണ്ടുവന്ന ചില വിത്തുകള്‍ പാകിമുളപ്പിച്ച് വളക്കടയില്‍നിന്നും ജൈവമെണ പേരില്‍ ലഭിച്ച ഒരു വളം മണ്ണില്ച്ചേര്ത്തശേഷം ചെടികള്‍ ഉണങ്ങിപ്പോയത് കാണാനിടയായ എന്റെയും പക്ഷം. ഇത്തരുണത്തില്‍ എനിക്കൊന്നേ കര്‍ഷകരോടും കര്ഷകകൂട്ടായ്മകളോടും കര്ഷകസ്നേഹികളോടും അഭ്യുദയകാംക്ഷികളോടും പറയാനുള്ളൂ. വ്യാജ ഉത്പന്നങ്ങളെ തിരിച്ചറിയുക. വ്യാജനെ പ്രചരിപ്പിക്കുന്നതും അടിച്ചേല്‍പ്പിക്കുന്നതുമായ പൊയ്മുഖങ്ങളെയും സ്ഥാപനങ്ങങ്ങളേയും പരസ്യങ്ങളേയും തിരിച്ചറിയുക. ജൈവകാര്ഷികോന്നമനം ലക്ഷ്യമാക്കിയെന്ന മുഖംമൂടിയോടെ സമൂഹത്തിന്റെ മുന്നിലെത്താന്‍ വെമ്പുന്നവരെ തിരിച്ചറിയുക. ജൈവകൃഷിയോടുള്ള അഭിനിവേശത്താലൊരുമ്പെട്ടിറങ്ങി ചൂഷണപ്രവണതകളെ കാണാതെപോകരുത് . വളങ്ങള്‍, ജൈവരോഗ-കീടനാശിനികള്‍ തുടങ്ങി കാര്ഷികാവശ്യത്തിനെന്നപേരില് ലഭ്യമാകുന്ന ഏതൊരു ജൈവോത്പന്നവും വിശ്വാസം തോന്നാത്തപക്ഷം ചെറിയതോതില്‍ പരീക്ഷണം നടത്തിയശേഷം മാത്രം ഉപയോഗിക്കുക. ഇവയില്പ്പലതുകളുടെയും ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ മനസ്സിലാക്കി ഇടക്കിടെ ഉപയോഗപ്പെടുത്തുക. പരിശോധനാഫലങ്ങള്‍ വേണ്ടവിധം പ്രസിദ്ധപ്പെടുത്താനും മറ്റുള്ളവരെ അറിയിക്കാനുംകൂടി ഇതോടൊപ്പം ശ്രമിക്കേണ്ടതാണ്. സര്‍വ്വോപരി മാറ്റമെന്നപേരില്‍ കര്‍ഷകസമൂഹത്തെ വഞ്ചിക്കാനുള്ള പഴുതുകളടക്കാനായും ജൈവകേരളമെന്ന ആശയം കറകളഞ്ഞ യാഥാര്ഥ്യമാക്കാനായും നമ്മള് കൈകോര്ക്കാനൊരുങ്ങുക. സ്നേഹാദരങ്ങളോടെ ദീപകുമാര്‍
No comments:
Post a Comment