Wednesday, December 31, 2014

ഇന്നല്പം കാ‍ന്താരി മാഹാത്മ്യം ആയാലോ? കാ‍ന്താരി എന്ന് പറയുമ്പോഴേ മനസ്സിലാവും അതൊരു കാ‍ന്താരി ആണെന്ന്. കാന്താരിയുടെ കൂടെ കപ്പയും ഉണ്ടെങ്കിലോ, വായില്‍ കപ്പലോടിക്കാം, സ്വാദിന്റെ കപ്പല്‍. ഈ നിസ്സാരനായ ഒരു സെന്റിമീറ്റര്‍കാരന്‍ ഒരു വലിയ പുള്ളിയാണ് കാന്താരിയെ പറ്റി പറയാനാണെങ്കില്‍ ഒരുപാടുണ്ട്.സോളനെസിയെ കുടുംബത്തില്‍ പെട്ട ഇദ്ദേഹം കാപ്സികം ഫ്രൂട്ട്സെന്‍സ് എന്നാ ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. പാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്ന കാ‍ന്താരി,ഔഷധമായും ഉപയോഗിക്കുന്നു.ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിക്കുന്നുണ്ട്.ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കുന്നു.. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. കാ‍ന്താരി പല നിറത്തിലും വലുപ്പത്തിലും ഉണ്ട്. പച്ച, നീല, വെള്ള നിറങ്ങളില്‍ കാണപ്പെടുന്ന ഈ ഇത്തിരികുഞ്ഞനില്‍ എരുവും ഗുണവും കൂടുതല്‍ പച്ചയ്കാണ്. കാ‍ന്താരി ഏതു കാലാവസ്ഥയിലും, വെയിലിലും മഴയിലും, പ്രത്യേക പരിചരണമൊന്നും ഇല്ലാതെ വളരും. നിലത്തു നട്ടാല്‍ വളപ്രയോഗവും ആവശ്യമില്ല. പിടിച്ചു കിട്ടിയാല്‍ നാലഞ്ചു വര്ഷം വരെ കായ്കള്‍ ലഭിക്കും. നന്നായി പഴുത്ത മുളകിന്റെ അരി പാകിയാണ് കാ‍ന്താരി മുളപ്പിക്കുന്നത്. ചട്ടിയിലോ ഗ്രോബാഗിലോ നടുമ്പോള്‍ ചാണകപ്പൊടി, എല്ലുപൊടി എന്നിവയോ, ചാണക സ്ലറിയൊ വളമായി നല്‍കാവുന്നതാണ്.കാര്യമായ കീടബാധയോന്നുമേല്‍ക്കുന്നില്ല എന്ന് മാത്രമല്ല, മറ്റുള്ള ചെടികളിലെ കീടങ്ങളെ തുരത്താനും കാ‍ന്താരി ഉപയോഗിക്കാം. കാ‍ന്താരി അടുക്കളയിലോട്ടു കടന്നാലോ, കാ‍ന്താരി ചമ്മന്തി, മുഴു കാ‍ന്താരി അച്ചാര്‍, അരച്ച കാ‍ന്താരി അച്ചാര്‍,പുളിയില ചമ്മന്തി,.......അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍. അധികം പുളിക്കാത്ത മോരില്‍ രണ്ടു കാന്താരിയും കറിവേപ്പിലയും ഞെരുടി കുറച്ചു ഉപ്പും ചേര്‍ത്താല്‍ നല്ല ദാഹ ശമനിയായി. ഇത് വായിച്ചപ്പോള്‍ എന്നാലൊരു കാ‍ന്താരി വളര്‍ത്താം എന്ന് തോന്നുന്നുണ്ടെങ്കില്‍ വിത്ത് ബാങ്കില്‍ അഡ്രസ്‌ ഇടുക.( ദയവു ചെയ്തു ഫോട്ടോകള്‍ വേര്പെടുതാതിരിക്കുക)



via Krishi(Agriculture) http://ift.tt/1xgoUgd

No comments:

Post a Comment