Thursday, November 27, 2014

അലങ്കാര മത്സ്യ കൃഷി. അലങ്കാര മത്സ്യം എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വിനോദം മാത്രമായി തോന്നുന്നില്ലേ. കൊച്ചു അക്വാരിയങ്ങളിലും അലങ്കാര കുളങ്ങളിലും വിവിധ തരം വര്‍ണ്ണക്കുപ്പികളിലുമൊക്കെ എവിടെയും അലങ്കാര മത്സ്യങ്ങളെ കാണാം. വീടുകളില്‍, ഓഫീസുകളില്‍, വിശ്രമ കേന്ദ്രങ്ങളില്‍, രസ്റ്റൊരന്റുകളില്‍, അതിഥിമന്ദിരങ്ങളില്‍ എന്തിനു ആശുപത്രികളില്‍ വരെ അക്വാറിയങ്ങളില്‍ നീന്തിത്തുടിക്കുന്ന വര്‍ണ്ണമത്സ്യങ്ങളെ നാം കൌതുകപൂര്‍വ്വം നോക്കി നില്‍ക്കാറുണ്ട്. നയനാനന്ദകരമായി അലങ്കരിച്ച അക്വാരിയങ്ങളില്‍ കാഴ്ച വിരുന്നൊരുക്കുന്ന ഈ കൊച്ചു സുന്ദരികള്‍ പക്ഷെ വെറും നേരംപോക്ക് കാരല്ല. വര്ഷം തോറും 10,800 കോടി രൂപയുടെ വ്യവസായമാണ് ഈ മേഖല ലോകത്തിനു സംഭാവന ചെയ്യുന്നതെന്നും വര്ഷം തോറും അത് കൂടിക്കൊണ്ടിരിക്കുന്നു എന്നുമുള്ള കണക്കുകള്‍ കാണുമ്പോഴാണ് ഈ മേഖലയുടെ പ്രാധാന്യം മനസ്സിലാകുക. ലോകത്ത് ഫോട്ടോ ഗ്രാഫി കഴിഞ്ഞാല്‍ ഏറ്റവും വലിയ ഹോബി അലങ്കാരമത്സ്യ വളര്‍ത്തലാണേന്നും കേട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അലങ്കാര മത്സ്യ കൃഷി നമുക്ക് മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍ നാം വിലയിരുത്തേണ്ടത്. ചൈനയില്‍ നീന്നാണ് അക്വാരിയം കൃഷിയുടെയും പരിപാലനത്തിന്‍റെയും തുടക്കമെന്നാണ് ലഭ്യമായ ചരിതം പറയുന്നത്. എ. ഡി. 960-1278 കാലയളവില്‍ ചൈന ഭരിച്ചിരുന്ന ജൂന്‍ഗ്(Gung) രാജ കുടുംബത്തിന്‍റെ കാലത്താണ് സ്വര്‍ണ മത്സ്യങ്ങളെ വളര്‍ത്താന്‍ തുടങ്ങിയത് എന്ന് പറയപ്പെടുന്നു. അവിടെ നിന്നാണ് ഇന്നീ കാണുന്ന അവസ്ഥയില്‍ ലോകമൊട്ടാകെ പടര്‍ന്നു കിടക്കുന്ന വന്‍ വ്യവസായമായി അലങ്കാരമത്സ്യ മേഖല വളര്‍ന്നത്‌. ഇന്നതൊരു സാര്‍ത്ഥക വിനോദമാണ്‌. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ വര്‍ണ്ണമത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെങ്കില്‍ സിങ്കപ്പൂരാന് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം വളരെ വളരെ പിന്നിലാണ് വെറും 0.02% മാത്രം. തായ്-ലാന്‍റ് ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളൊക്കെ വന്‍ തോതില്‍ അലങ്കാരമത്സ്യങ്ങളെ കയറ്റി അയക്കുന്നു. എന്തിനു നമ്മുടെ അയല്‍ക്കാരായ കൊച്ചു ശ്രീലങ്ക വരെ ഇക്കാര്യത്തില്‍ നമ്മിലേറെ ബഹു കാതം മുന്നിലാണ്. നമ്മുടെ കൊച്ചു കേരളത്തിന്‍റെ ഭൂമിശാസ്ത്ര സവിശേഷതയും ജല ലഭ്യതയും മറ്റു നിരവധി ഘടകങ്ങളും അലങ്കാര മത്സ്യ കൃഷിക്ക് വളരെയധികം അനുയോജ്യമായിട്ടും നാം വേണ്ട രീതിയില്‍ അത് പ്രയോജനപ്പെടുത്തുന്നില്ല എന്നത് വലിയൊരു ന്യൂനതയാണ്. നമ്മുടെ ചെറുപ്പക്കാര്‍ക്കും വീട്ടമ്മമാര്‍ക്കുമൊക്കെ ഒരു സ്വയം തൊഴിലായി തിരഞ്ഞെടുക്കാവുന്ന മേഖലയാണിത്. ശരിയായ പഠനം നടത്തിയാല്‍ ഏറ്റവും കുറഞ്ഞ സ്ഥലത്ത്, ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍, ഏറ്റവും കുറഞ്ഞ അദ്ധ്വാനത്തില്‍, കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വരുമാനം കാഴ്ചവെക്കുന്ന ഒരു വ്യവസായമാണിത് എന്ന് മനസ്സിലാക്കാം. അലങ്കാര മത്സ്യ വളര്‍ത്തലിന് ഒരുപാട് സ്ഥലം ആവശ്യമില്ല എന്ന് മാത്രമല്ല ഉള്ള സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം. ബാല്‍ക്കണികളും മട്ടുപ്പാവുകള്മൊക്കെ ഇതിനായി പ്രയോജനപ്പെടുത്താം. വീട്ടിന്‍റെ അകത്തെ മുറികളില്‍ വരെ വളര്‍ത്തി വരുമാനമുണ്ടാക്കാവുന്ന മത്സ്യങ്ങളുണ്ട്. നമ്മള്‍ അലങ്കാരത്തിനും വിനോദത്തിനും മാത്രമായി സജ്ജീകരിച്ച അക്വാറിയത്തില്‍ നിന്ന് വരെ വരുമാനമുണ്ടാക്കാം എന്നതാണ് വാസ്തവം. തുടരും..



via Krishi(Agriculture) http://ift.tt/1uWrgA7

No comments:

Post a Comment