“ഇന്നൊരു വിശേഷ വിഭവമുണ്ടായിരുന്നു”. മുന്‍പ് ഒരിക്കല്‍ എന്‍റെ മുറ്റത്തു നിറയെ കായ്ച്ചു നില്‍ക്കുന്ന അത്തിമരത്തിന്‍റെ ചിത്രം ഞാന്‍ പോസ്റ്റു ചെയ്തിരുന്നു. അന്ന് കുറെ പഴി കേട്ടൂ. അത് കാടനാണ്, ഒന്നിനും കൊള്ളില്ല, സ്ഥലം മുടക്കി, വഴി മുടക്കി, വളക്കൊതിച്ചി .. അങ്ങിനെ എന്തെല്ലാം ആരോപണങ്ങള്‍... ഞാന്‍ വെട്ടി നീയും വെട്ടിക്കോ എന്ന് പറഞ്ഞു വാളെടുക്കാന്‍ പ്രേരിപ്പിച്ചവര്‍ എത്ര... അറേബ്യന്‍, ഇറാനിയന്‍, പലസ്തീനിയന്‍ എന്നൊക്കെ പറഞ്ഞു പല മൊഞ്ചത്തിമാരെയും കാട്ടിക്കൊതിപ്പിച്ചവരെത്ര... അങ്ങിനെ പറഞ്ഞവര്‍ക്കൊക്കെ മറുപടിയായി ആ കാടത്തി ഇന്നെന്‍റെ തീന്‍മേശയിലെത്തി. ഹോ..എന്തൊരു രുചി... ഇന്നുണ്ടാക്കിയ വിഭവത്തിന്‍റെ രുചി ഏതാണ്ട് ഇടിച്ചക്കയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ഇടിച്ചക്ക കിട്ടണമെങ്കില്‍ സീസണ്‍വരണം. എന്നാല്‍ ഈ കാടത്തി എന്നും സുലഭമാണ് എന്ന സത്യം അനുഭവത്തിലൂടെ മനസ്സിലാകിയ എനിക്ക് സന്തോഷിക്കാന്‍ വേറെ വല്ലതും വേണോ?. ഇതെന്തു ചെയ്യണം എന്നു ശങ്കിച്ച് നില്‍ക്കുന്നവര്‍ക്കൊക്കെ ഇപ്പോള്‍ ചെറിയ സന്തോഷം തോന്നിത്തുടങ്ങിയിട്ടുണ്ടാകും. തീര്‍ച്ച. പക്ഷെ പഴി പറഞ്ഞു വെട്ടിക്കളഞ്ഞവരുടെ കാര്യമോ.? രുചിയരിയുംപോള്‍ ദുഖിക്കും എന്നാണു എനിക്ക് തോന്നുന്നത്. ഇത് കൊണ്ട് അച്ചാറും ഉണ്ടാക്കാം. ഞാന്‍ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. അക്കാര്യം ഞാന്‍ അന്നും പറഞ്ഞിരുന്നു. ഏതായാലും ഈ മരം ഉള്ളവര്‍ ആരും വെട്ടിക്കളയണ്ട എന്നാണു എന്‍റെ അപേക്ഷ. പോഷക സമൃദ്ധമായ ഒരു ആഹാരമാക്കി നിങ്ങള്‍ക്കീ കായ ഉപയോഗപ്പെടുത്താം. ഇതിന്‍റെ രുചിയരിഞ്ഞിട്ടില്ലാത്തവര്‍ ഇനിയും നെറ്റി ചുളിക്കാമെങ്കിലും ഇത് കഴിച്ചാല്‍ ആര്‍ക്കും ഇഷ്ട്ടപ്പെടുമെന്ന കാര്യത്തില്‍ എനിക്കേതായാലും സംശയമില്ല. ഈ മരം പെട്ടന്ന് വളരുകയും കായ്ക്കുകയും ചെയ്യും. തന്നെയുമല്ല എന്നും കായുണ്ടാകും. പ്രത്യേക കാലമൊന്നുമില്ല. അടിയില്‍ നിന്ന് തന്നെ ചില്ലകള്‍ വന്നു വല്ലാതെ പടര്‍ന്നു പന്തലിക്കും എന്നാണു പലരും പറയുന്ന ഒരു പരാതി. അതിനു ഞാനൊരു ഉപായം ചെയ്തു. ആദ്യം വന്ന കമ്പുകളൊക്കെ മുറിച്ചു കൊടുത്തു. അത് കാരണം മരം ഞാനാഗ്രഹിക്കുന്ന ഉയരത്തില്‍ പോങ്ങിക്കിട്ടി. അടിയില്‍ ശല്യമോന്നുമില്ല. മുകളില്‍ കുട പോലെ പടര്‍ന്നു നില്‍ക്കുന്നു. ഞാന്‍ പാചകം ചെയ്തത് ഇങ്ങിനെ. പച്ചക്കായകള്‍ക്ക് പാലു പോലുള്ള വെളുത്ത കറയുണ്ടാകും. (മൂക്കുന്നതിനനുസരിച്ചു കുറയുമെന്ന് തോന്നുന്നു) കായകള്‍ പറിച്ചു ചൂടുവേള്ളത്തിലിട്ടു. ശേഷം മുകളിലെ തൊലി കത്തി കൊണ്ട് വളരെ ലഘുവായോന്നു ചുരണ്ടി. അതിനു ശേഷം കായ രണ്ടായി പിളര്‍ന്നു വെള്ളത്തിലിട്ടു. കറയുണ്ടെങ്കില്‍ പൂര്‍ണ്ണമായും പൊയ്ക്കൊള്ളട്ടെ എന്ന് കരുതിയാണ് വെള്ളത്തിലിട്ടത്. പിന്നീട് ചെറുതാക്കി അറിഞ്ഞു തോരനുണ്ടാക്കി. അത്ര തന്നെ.... പിന്നീട് എന്ത് ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ.. ഉള്ളവര്‍ പരീക്ഷിക്കുക. ഇല്ലാത്തവര്‍ ഒരു തൈ വാങ്ങി വെക്കുക. നഴ്സറികളില്‍ കിട്ടും. അധികം വിലയുമില്ല. ഒന്നിനും കൊള്ളാത്തത് കൊണ്ട് ആടുകള്‍ക്ക് കൊടുക്കാരാനെന്നു ഒരു സഹോദരന്‍ പറഞ്ഞിരുന്നു. ആവശ്യത്തിനു പറിച്ചാലും ആടുകള്‍ക്ക് കൊടുക്കാനുണ്ടാകും ഒന്ന് പരീക്ഷിക്കൂ. എന്നിട്ട് അഭിപ്രായം അറിയിക്കൂ.
No comments:
Post a Comment