Monday, December 29, 2014

അപ്പൊ മല്ലിയില കൃഷിയെ കുറിച്ച് ഒരു പാട് പേര്‍ക്ക് അറിയണം. എന്‍റെ വിളവെടുപ്പ് പോസ്റ്റ്‌ കണ്ടു ധാരാളം പേര്‍ കൃഷി രീതിയെ കുറിച്ചറിയാന്‍ കമന്റിട്ടിരിക്കുന്നു. അതിലേറെ പേര്‍ ഇന്‍ബോകസിലൂടെയും ഇതേ കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരോടൊക്കെ വിശദമായ പോസ്റ്റിടാം എന്ന് താത്ക്കാല രക്ഷക്കായി പറഞ്ഞതായിരുന്നെങ്കിലും തിരക്കുകള്‍ക്കിടയിലാണെങ്കിലും വാക്ക് പാലിക്കാനായി ഈ പോസ്റ്റ്‌ ഇടുകയാണ്. എന്‍റെ അനുഭവം എന്നതിലുപരി ഇക്കാര്യത്തില്‍ ആധികാരികമായ അറിവൊന്നും എനിക്കില്ല എന്ന് ആദ്യമേ വിനീതമായി അറിയിക്കുന്നു. എന്‍റെ മല്ലിയില കൃഷി ഒരു പ്രത്യേക സാഹചര്യത്തിലുണ്ടായ പരീക്ഷണമായിരുന്നു. എന്‍റെ മകള്‍ക്ക് ചെങ്കണ്ണ്‍ എന്ന അസുഖമുണ്ടായി. ഈ അസുഖത്തിനു മല്ലി കൊണ്ട് കിഴികെട്ടി നനച്ചിടുന്ന ഒരു നാടന്‍ സമ്പ്രദായം പണ്ട് മുതലേ ഞങ്ങളുടെ പ്രദേശത്തൊക്കെയുണ്ട്. (നാട്ടു വൈദ്യം) അതനുസരിച്ചാവണം എന്‍റെ നല്ലപാതി മകളുടെ കണ്ണില്‍ കിഴികെട്ടി വെച്ചത്. (ഇക്കാര്യത്തില്‍ എനിക്കു പങ്കൊന്നുമില്ലെന്ന് മനസ്സിലായിക്കാണും. ഈ വിഷയം ഞാന്‍ അന്ന് സരസമായി ഒരു പോസ്റ്റിട്ടിരുന്നു.) ഈ ഘട്ടം വരെ ഞാന്‍ മല്ലികൃഷിയെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. കിഴി കണ്ടപ്പോള്‍.. അത് ആവശ്യം കഴിഞ്ഞാല്‍ വെറുതെ ഒഴിവാക്കുകയാനല്ലോ എന്ന ചിന്തയില്‍ നിന്നാണ് എന്നിലെ കൃഷിക്കാരന് പുതിയ പരീക്ഷണ ആശയം ഉദിക്കുന്നത്. അവശ്യം കഴിഞ്ഞാല്‍ കിഴി എന്നെ ഏല്‍പ്പിക്കണം എന്ന് ഉടനെ ഉത്തരവ് പാസ്സാക്കി. അടുത്തദിവസം സാധനം കയ്യില്‍ കിട്ടി. നന്നായി കുതിര്‍ന്നിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഞാനത് ഓരോന്നും വിരലുകൊണ്ട് അമര്‍ത്തി രണ്ടായി പിളര്‍ത്തി. (ഒരു മല്ലിയില്‍ രണ്ടു വിത്തുണ്ടാകും) ശേഷം മുന്‍പെന്തോ വിളയിച്ചു ഇപ്പോള്‍ ഒന്നുമില്ലാതെയിരുന്ന ഒരു ഗ്രോബാഗില്‍ മണ്ണ്‍ ഒന്ന് ഇളക്കിയ ശേഷം ആ വിത്തുകള്‍ പാകി. ഇത്ര മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പിന്നീട് നനച്ചു കൊടുക്കുക മാത്രമേ ചെയ്തുള്ളൂ. പ്രത്യേകം വളം പോലും നല്‍കിയിട്ടില്ല. സത്യത്തില്‍ വലിയ പ്രതീക്ഷയോന്നുമില്ലാത്ത ഒരു പരീക്ഷണം എന്ന നിലക്കാണ് ഇത്രയും അലസമായി ചെയ്തത് എന്ന് പറയാം. വെറുതെ കളയുന്ന മല്ലി മണ്ണില്‍ വിതച്ചു എന്ന് മാത്രം. ഞാനിത് പറഞ്ഞിട്ട് പലരും വിശ്വസിക്കുന്നില്ല. കടയില്‍ നിന്ന് വാങ്ങുന്ന മല്ലി ഒരിക്കലും മുളക്കില്ല എന്നും അതില്‍ നിന്നും എസ്സന്‍സ് നീക്കിയ ശേഷമാണ് മല്ലി വില്‍പ്പനക്ക് എത്തുന്നത് എന്നുമൊക്കെ ചിലര്‍ ബലം പിടിച്ചു തര്‍ക്കിക്കുന്നു. ഞാനേതായാലും ഗുസ്ഥിക്കൊന്നുമില്ല. ആദ്യം പറഞ്ഞ പോലെ എനിക്കീ കാര്യത്തില്‍ കൂടുതല്‍ അറിവില്ല. ഞാന്‍ പാകിയ മല്ലി മുളച്ചു. അത് കടയില്‍ നിന്ന് വാങ്ങിയതാണ്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒരു കിലോ മല്ലി 135 രൂപക്കാണ് വാങ്ങിയത്. ഇത് മുളക്കാന്‍ എത്ര ദിവസമെടുത്തു എന്ന് കൃത്യമായി എനിക്ക് പറയാന്‍ കഴിയില്ല. കാരണം ഞാന്‍ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് തോന്നുന്നത്. ഈ പോസ്റ്റിനോടൊപ്പം വിവിധ ഫോട്ടോകള്‍ കൊടുത്തിട്ടുണ്ട്. അതില്‍ ആദ്യം കാണുന്ന ഫോട്ടോ നവംബര്‍ 28 ആം തിയ്യതിയാണ് എടുത്തിട്ടുള്ളത്. അത് ഏകദേശം പതിനഞ്ചു ദിവസത്തെ പ്രായം കണക്കാക്കിയാല്‍ ഞാന്‍ വിളവെടുത്തത് ഒന്നര മാസം കൊണ്ടാണ് എന്ന് മനസ്സിലാക്കാം. ഡിസംബര്‍ 28ആം തിയ്യതിയാണ് ഞാന്‍ വിളവെടുത്തത്. വിളവെടുത്ത രീതി. കത്രിക കൊണ്ട് കടയില്‍നിന്നും അല്‍പ്പം മുകളിലായി മുറിച്ചെടുത്തു. എന്നിട്ട് ഗ്രോ ബാഗില്‍ അല്‍പ്പം കൂടി മണ്ണിട്ട്‌ അവശേഷിക്കുന്ന മുരടുകളെല്ലാം ശരിയാക്കി നിറുത്തി നനച്ചു കൊടുത്തു. അതില്‍ നിന്നും ഇനിയും കിളിര്‍ത്തു വളരുമെന്നാണ് പ്രതീക്ഷ. ഫോട്ടോകള്‍ 1 വിത്തിട്ടു രണ്ടാഴ്ച കഴിഞ്ഞുള്ളത്‌. 2 വിത്തിട്ടു ഒന്നരമാസം കഴിഞ്ഞു വിളവെടുക്കുന്നതിന് തൊട്ടു മുന്‍പ്. 3 വിളവെടുത്ത ശേഷം. 4-5 വിളവെടുത്തു ശേഷം അല്‍പ്പം മണ്ണ് ഇട്ടു കൊടുത്തിരിക്കുന്നു. ഇതെന്‍റെ അനുഭവ സാക്ഷ്യമാണ്. താത്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാം. സംശയങ്ങള്‍ കഴിയുന്നതും ഇന്ബോക്സിലൂടെ ചോദിക്കാതിരിക്കുക എന്ന അപേക്ഷയുണ്ട്. ഈ വിഷയത്തില്‍ മാത്രം നൂറില്‍ പരം മെസ്സേജുകള്‍ വന്നു എന്ന് പറഞ്ഞാല്‍ പ്രയാസം എല്ലാവര്ക്കും മനസ്സിലാക്കാവുന്നതെയുള്ള്. അത് കൊണ്ട് സംശയങ്ങള്‍ ദയവു ചെയ്തു പോസ്റ്റുകളില്‍ കമന്റുകളായി കുറിക്കുക. അത് കൊണ്ട് വേറെയും ഗുണങ്ങള്‍ ഉണ്ട്. മറ്റു പലര്‍ക്കും ഉപകാരപ്പെടും. അറിയാവുന്ന വേറെ പലരും മറുപടി തരികയും ചെയ്യും. ഓര്‍ക്കുക, ഏറ്റവും കൂടുതല്‍ വിഷം വഹിക്കുന്ന സാധനങ്ങളാണ് മല്ലിയിലയും കറിവേപ്പിലയും. ഇനി ഇവയെങ്കിലും എല്ലാവരും സ്വന്തമായി നട്ടു വളര്‍ത്താന്‍ ശ്രമിക്കുക. എത്ര ലളിതവും എളുപ്പവുമാണ് മല്ലിയില വളര്‍ത്താന്‍ എന്ന് എല്ലാവര്ക്കും മനസ്സിലായില്ലേ. മല്ലിയില എല്ലാവര്ക്കും പ്രിയമാണേന്നും അധികമാളുകള്‍ അതുപയോഗിക്കുന്നു എന്നും പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നു. ശുഭ പ്രതീക്ഷകളോടെ.. ശുഭാപ്തി വിശ്വാസങ്ങളോടെ.. വീണ്ടും ഒരു ശുഭരാത്രി നേര്‍ന്നുകൊണ്ട് ഈ കുരിപ്പിനിവിടെ വിരാമമിടുന്നു.



via Krishi(Agriculture) https://www.facebook.com/890444327637803/posts/1013680925314142

No comments:

Post a Comment