via Krishi(Agriculture) https://www.facebook.com/890444327637803/posts/995202467161988
Sunday, November 30, 2014
നീര: നീരയെ കേരകര്‍ഷകരുടെ രക്ഷകനായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. വന്‍ ആദായം നേടിത്തരുന്ന, നിരവധി ബിസിനസ് സാധ്യതകള്‍ തുറന്നു തരുന്ന നീര പക്ഷെ നമ്മുടെ നാട്ടില്‍ ഇപ്പോഴും നിയമക്കുരുക്കിലാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നീരയുല്‍പ്പാദനത്തിന് അനുകൂലമായ നിര്‍ദേശം ഉണ്ടായത് പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്നു. കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയ്‌ലും സൃഷ്ടിച്ച പ്രതീക്ഷകള്‍ക്കു പിന്നാലെ 'നീര' എന്ന പാനീയത്തിന്റെ സാധ്യതകള്‍ ആഗോള കേരകൃഷി രംഗത്ത് മാറ്റത്തിന്റെ പുതിയ തരംഗങ്ങളാണ് ഉയര്‍ത്തുന്നത്. വരുമാന സാധ്യതകള്‍ ഒരു തെങ്ങില്‍ നിന്ന് മൂന്ന് ലിറ്റര്‍ വരെ നീര ലഭിക്കാനിടയുണ്ട്. അതായത് 80 തെങ്ങുകളുള്ള കര്‍ഷകന് മൂന്ന് മാസംകൊണ്ട് 11 ലക്ഷത്തോളം രൂപ വരുമാനം. തൊഴിലാളിക്കുള്ള വിഹിതം കഴിഞ്ഞാലും എട്ട് ലക്ഷത്തോളം രൂപ അറ്റാദായം. നീര മൂല്യവര്‍ധനയിലൂടെ ചക്കരയാക്കിയാലും ലാഭത്തില്‍ വലിയ മാറ്റമില്ല. ഒരു ലിറ്റര്‍ നീര കിട്ടുന്ന 80 തെങ്ങ് മൂന്ന് മാസം ചെത്തിയാല്‍ 1200 കിലോ ചക്കരയുണ്ടാക്കാം. കിലോയ്ക്ക് 250 രൂപ നിരക്കില്‍ വരുമാനം മൂന്ന് ലക്ഷം രൂപ. നീരയുടെ തോത് കൂട്ടുന്നതിനനുസരിച്ച് ഇത് ഒമ്പതു ലക്ഷം വരെ ഉയരാം. ഇപ്പോള്‍ സംസ്ഥാനത്തുള്ള തെങ്ങുകളുടെ വെറും ഒരു ശതമാനം നീരയുല്‍പ്പാദനത്തിനു മാറ്റിവെച്ചാല്‍ വര്‍ഷത്തില്‍ കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയും. ഒപ്പം നിരവധി തൊഴിലവസരങ്ങളും. 3000 ലിറ്റര്‍ സംസ്‌കരണ ശേഷിയുളള നീര പ്ലാന്റുണ്ടാക്കാന്‍ സ്ഥലത്തിന് ഉള്‍പ്പടെ ഒരു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നീര നിര്‍മാണ സംരംഭത്തിന് ചെലവിന്റെ 25 ശതമാനം സബ്‌സിഡിയായി നാളികേര വികസന ബോര്‍ഡ് നല്‍കും. നാളികേര വികസന ബോര്‍ഡും മറ്റ് ബന്ധപ്പെട്ട വരും വര്‍ഷങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്നാണ് നീരയുടെ ഉല്‍പ്പാദനവും വിപണനവും. എന്നാല്‍ അനന്തസാധ്യതകളുള്ള ഈ വ്യവസായം നാളിതുവരെ തുടങ്ങാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും നീരയുടെ രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നല്‍കിയത്. നീരയുല്‍പ്പാദനത്തിന് തടസം നില്‍ക്കുന്ന അബ്കാരി നിയമം സംസ്ഥാന സര്‍ക്കാര്‍ തിരുത്തും എന്നതിന്റെ സൂചനയാണിത്. മദ്യവ്യവസായത്തെക്കുറിച്ച് പഠിച്ച ഉദയഭാനു കമ്മീഷനും നീരയുല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനും കര്‍ഷകരെ സഹായിക്കാനും ശക്തമായ ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. ഇനി വൈകരുത് കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസനബോര്‍ഡിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ നീര തയാറാക്കി വില്‍പ്പന തുടങ്ങി. അവര്‍ അവിടെ നീരയുല്‍പ്പാദനം വ്യാപകമാക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണിയിലുമെത്തും. കര്‍ണാടകത്തിന് പുറമെ തമിഴ്‌നാടും ആന്ധ്രയും മഹാരാഷ്ട്രയും ഒഡീഷയുമൊക്കെ വ്യാപകമായി നീര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുകയാണ്. കേവലം ബജറ്റ് ഉള്‍പ്പെടുത്തല്‍കൊണ്ടു മാത്രം നീരയുല്‍പ്പാദനം യാഥാര്‍ത്ഥ്യമാകില്ല. തടസം നില്‍ക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ച് അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. ഇതര സംസ്ഥാനങ്ങള്‍ക്ക് അത് കഴിയുമെങ്കില്‍ കേരളത്തില്‍ മാത്രം എന്താണ് പ്രശ്‌നം? ഇനിയും വൈകിയാല്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന മറ്റൊരു വമ്പന്‍ ബിസിനസ് അവസരമായിരിക്കും നീരയുല്‍പ്പാദനവും വിപണനവും. താമസിയാതെ അത് യാഥാര്‍ത്ഥ്യമാക്കുവാന്‍ ഇച്ഛാശക്തിയോടെ ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. എന്താണ് നീര? തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് നീരയാകും. ശുദ്ധമായ മധുരക്കള്ള് വായുവിലെ അണുജീവികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പുളിക്കുന്നതും ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറുന്നതും. എന്നാല്‍ മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്ന് നീരയെ വിശേഷിപ്പിക്കാം. ഇത് മദ്യാശം തീരെയില്ലാത്തതും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമാണ്. ( ചിത്രങ്ങൾക്ക് ഗൂഗിൾ സേർഛിനോട് കടപ്പാട് ):-s̤̈αʝʝα∂ Ƙ ʍ
Subscribe to:
Post Comments (Atom)
No comments:
Post a Comment