via Krishi(Agriculture) https://www.facebook.com/890444327637803/posts/994708750544693
Sunday, November 30, 2014
ഇത് മഴക്കാലം കഴിഞ്ഞുള്ള ഞങ്ങളുടെ മഞ്ഞു കാലം. പാടം രാവിലെ മുതൽ മൂടിക്കെട്ടി ഒരാലസ്യത്തിൽ ഇങ്ങനെ നിൽക്കും. ചുറ്റുമുള്ള വീടുകളിൽ അത്താഴത്തിന് അടുപ്പ് പുകയ്ക്കുമ്പോഴുള്ള പുക മുകളിലേയ്ക്കു പോകാതെ മഞ്ഞിന്റെ നനവിൽ അങ്ങനെ തങ്ങിനിൽക്കും. രാത്രി പാടത്തു തന്നെ കെട്ടിയിടുന്ന ചില പോത്തുകുട്ടൻമാരൊഴികെ എല്ലാവരും മടങ്ങിത്തുടങ്ങി. പാടത്തിനക്കരെ കഷ്ടി ഇരുനൂറ്റമ്പത് മീറ്റർ വീതിയുള്ള ഒരു കരയാണ്, അതിനു തൊട്ടുതാഴെ എരയാംകുടി തൊട്ടു കടന്നുപോകുന്ന ചാലക്കുടി പുഴ. അന്നമനടയിലേയും പാലിശ്ശേരിയിലേയുമൊക്കെ അമ്പലങ്ങളിലെ അയ്യപ്പൻ വിളക്കിന്റെ പാട്ടും കൊട്ടും രാത്രി മുഴുവൻ ഈ മഞ്ഞിലൂടെ ഒഴുകി വരും. സന്ധ്യയ്ക്ക്, ചുറ്റുമുള്ള മസ്ജിദുകളിലെ ബാങ്കുവിളികൾ ഈ നിശ്ശബ്ദതയിൽ അങ്ങനെ മുഴങ്ങും... ദൂരെ നടീലുകഴിഞ്ഞ പാടത്തു നിന്ന് പുഴുക്കളെ കൊത്തിപ്പെറുക്കി കൊറിക്കുന്ന രാക്കിളികളും മണ്ണെടുത്തകുഴികളിലെ വെള്ളത്തിൽ ചെറുമീനെ വെട്ടിപ്പിടിക്കുന്ന വലിയ മീനുകളും ഒക്കെയാണ് രാത്രി ഈ പാടത്തിന്റെ കാവൽക്കാർ.... വൈകിയ രാത്രി വേളകളിലും ഒറ്റയ്ക്കും തെറ്റയ്ക്കും അക്കരെ റോഡിലൂടെ കടന്നുപോകാൻ ഒരു കാറോ ബൈക്കോ ഒക്കെ ഉണ്ടാവും. ഞങ്ങളുടെ ഉമ്മറത്ത്, പാടത്തേയ്ക്കു എത്രനേരം വേണോ നോക്കിയിരിക്കാൻ എല്ലാ കാലവും സുന്ദരമാണ്!! ഒരു കാലത്ത് നൂറുമേനി വിളഞ്ഞിരുന്ന.... പിന്നീട് മണ്ണുമാഫിയയുടെ പിടിയിലായ..... ഇപ്പോൾ വീണ്ടും ഉർവ്വരതയിലേയ്ക്കു പിച്ച വയ്ക്കുന്ന ഞങ്ങളുടെ എരയാംകുടിപ്പാടം.....
Subscribe to:
Post Comments (Atom)
No comments:
Post a Comment