via Krishi(Agriculture) http://ift.tt/1v3d9Ge
Tuesday, September 30, 2014
എന്റെ ഒരു സുഹൃത്ത് നൽകിയതാണ് നമ്പർ എന്നു പറഞ്ഞ് ചില്ലി റേഡിയോ(F M)യിൽ നിന്നും ഒരു പെൺകുട്ടി രാവിലെ എട്ടരയോടെ വിളിച്ചിരുന്നു. ( ഞാൻ ആപെൺകുട്ടിയോട് പേരുപോലും ചോദിച്ചില്ല, പത്തിരുപതുകൊല്ലം അദ്ധ്യാപിക ആയിരുന്നു എന്നു പറഞ്ഞിട്ടെന്താ കാര്യം?! ബോധം വേണ്ടേ?) ഇന്ന് പച്ചക്കറിദിവസമാണത്രേ! വിഷമില്ലാത്ത പച്ചക്കറി എങ്ങനെ കൃഷിചെയ്യാം, ചന്തയിൽ നിന്നും എങ്ങനെ അതിനെ കണ്ടെത്താം എന്നൊക്കെ ആയിരുന്നു ആ കുട്ടിക്ക് അറിയേണ്ടിയിരുന്നത്. നല്ല തുടുത്ത് നമ്മളെ മാടി വിളിച്ച് ഇരിക്കുന്ന പച്ചക്കറികൾ ശരിയല്ലാത്തവരും നാടൻ മലയാളി പെൺകിടാങ്ങളെപ്പോലെ ശാലീനതയോടെ - പഴയ നടി ജലജയെപ്പോലെ - ഇരിക്കുന്നവർ ഉണ്ടെങ്കിൽ അത് വിഷരഹിതമായ നാടൻ പച്ചക്കറികളുമാണെന്ന് എന്നു ഞാൻ പറഞ്ഞു. പക്ഷേ അതിപ്പോൾ ഒരു ചന്തയിലും ഉണ്ടാവില്ല എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. പിന്നെ നമ്മുടെ ഗ്രൂപ്പിനെക്കുറിച്ചായി ചോദ്യം, എത്ര പേരുണ്ട് എന്തൊക്കെ ചെയ്യുന്നുണ്ട് ആളുകൾ ഗ്രൂപ്പിന്റെ പ്രേരണകൊണ്ട് പച്ചക്കറികൃഷി ചെയ്യന്നുണ്ടോ മഞ്ജുവാര്യർ ചെയ്യുന്നത് കണ്ട ആവേശമാണോ നമുക്ക് തുണ അങ്ങനെ അങ്ങനെ.... "ഹരിതഭവനം വിഷമുക്ത ഭക്ഷണം" എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും വിഷമില്ലാത്ത ഭക്ഷണം ഉണ്ടാക്കാനായി നമ്മൾ വിത്ത് വിതരണം നടത്തുന്നുണ്ടെന്നും ചില സ്കൂളുകളിൽ നമ്മുടെ അംഗങ്ങൾ നടത്തുന്ന ബോധവൽക്കരണ പരിപാടികളും തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ നമ്മുടെ അംഗങ്ങളുടെ സഹായത്തോടെ കൃഷി നടക്കുന്നതും നമ്മൾ ശ്രീ മമ്മൂട്ടിയുടെ ട്രീചലഞ്ച് ഏറ്റെടുത്തതും നമ്മുടെ ഉൽപന്നങ്ങൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ വിപണികൾ ആരംഭിക്കാൻ നമ്മുടെ ചില അംഗങ്ങൾ മുന്നിട്ടിറങ്ങുന്നതും ഒക്കെ ഞാൻ പറഞ്ഞു. മഞ്ജുവാര്യർ സിനിമയിൽ ചെയ്തതിന്റെ കഥാബീജം ഒരു പക്ഷേ നമ്മുടെ ഗ്രൂപ്പിൽ നിന്നാവാം പറന്ന് ശ്രീ റോഷൻ ആൻഡ്രൂസിലെത്തിയത്, അത് ഭംഗിയായി വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് ഒരു വലിയ കാര്യമാണ് എന്ന് ഞാൻ പറഞ്ഞുവച്ചു. പച്ചക്കറികൃഷിക്കുള്ള ടിപ്സൊക്കെ നമ്മുടെ ഗ്രൂപ്പിൽ കിട്ടുമോ ഏതു വളമാണ് ആദ്യം പറഞ്ഞുതരുന്നത് എന്ന ചോദ്യത്തിന് ഇത് കേൾക്കുന്ന എല്ലാവരും ഗ്രൂപ്പിൽ വരൂ ജീവാമൃതം എന്താണെന്ന് പറഞ്ഞുതരാം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് നമുക്ക് ഇനിയും ജൈവകൃഷിയെക്കുറിച്ചും വിപണിയെക്കുറിച്ചും അന്യസംസഥാന പച്ചക്കറി തിരസ്കരിക്കേണ്ടതിനെക്കുറിച്ചും ഒക്കെ ഗാഢമായി സംവദിക്കാം. നമുക്കിടയിൽ വലിപ്പച്ചെറുപ്പങ്ങളില്ല നമ്മളെല്ലാം ഒന്നാണ് ഈ കുടുംബത്തിയേയ്ക്ക് നമുക്ക് എല്ലാവരേയും സ്വാഗതം ചെയ്യാം. ഒരു നിബന്ധനയേ ഉള്ളൂ മനസ്സ് നിർമ്മലമായിരിക്കണം!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment